ആധാര്‍-ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടോ; ഓണ്‍ലൈനില്‍ പരിശോധിക്കാം
സര്‍ക്കാര്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള പ്രധാന തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണ് ആധാര്‍ നമ്പര്‍, എന്നിരുന്നാലും, അതിന്റെ ഉപയോഗം സര്‍ക്കാര്‍ പദ്ധതികളില്‍ മാത്രം ഒതുങ്ങുന്നില്ല.
ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും പാന്‍ കാര്‍ഡിനോ മറ്റേതെങ്കിലും ജോലിയ്ക്കോ വേണ്ടി അപേക്ഷിക്കുന്നതിന് ആധാര്‍ ഡോക്യുമെന്റ് അത്യന്താപേക്ഷിതമാണ്. എല്‍പിജി, മണ്ണെണ്ണ, പഞ്ചസാര തുടങ്ങിയ സര്‍ക്കാര്‍ സബ്സിഡികള്‍ ഉപഭോക്താവിന് ലഭ്യമാകാനും ഇത് വേണം.അതുപോലെ തന്നെ ക്ഷേമ സബ്സിഡികള്‍, പെന്‍ഷനുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, എംഎന്‍ആര്‍ഇജിഎ വേതനം എന്നിവയും ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടുന്നതാണ്.
ഇതൊക്കെ കൃത്യമായി നടക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുകതന്നെ വേണം. ആധാര്‍ കാര്‍ഡിന്റെ ഒരു പകര്‍പ്പ് നിങ്ങളുടെ ബാങ്കിന്റെ പ്രാദേശിക ബ്രാഞ്ചില്‍ സമര്‍പ്പിച്ചോ അല്ലെങ്കില്‍ ബാങ്കിന്റെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ലിങ്ക് ചെയ്‌തോ ബാങ്ക് അക്കൗണ്ട് ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്യാന്‍ കഴിയും. അതേസമയം ബാങ്കില്‍ ആധാര്‍ കാര്‍ഡ് കൊടുത്തിട്ടും ചിലപ്പോള്‍ ഇത്തരത്തിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോകുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. കാരണം നിങ്ങളുടെ അക്കൗണ്ടുമായി ആധാര്‍ ശരിയായി ലിങ്ക് ചെയ്യപ്പെടുകയോ അല്ലെങ്കില്‍ നിങ്ങളുടെ വിശദാംശങ്ങള്‍ തെറ്റായി സൂചിപ്പിച്ചതിനാലോ ആകാം.
ഇനി ആധാര്‍ നമ്പര്‍-ബാങ്ക് അക്കൗണ്ട് ലിങ്കില്‍ ചേര്‍ത്തോ എന്ന് ഉറപ്പാക്കുന്നത് ഇങ്ങനെയാണ്.
ഘട്ടം 1: ആധാര്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക - www.uidai.gov.in
ഘട്ടം 2: 'My Aadhaar' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് 'Aadhaar Service' എന്നതില്‍ വീണ്ടും ക്ലിക്ക് ചെയ്യുക. ഇനി 'ആധാറും ബാങ്ക് അക്കൗണ്ട് ലിങ്കിംഗ് സ്റ്റാറ്റസും പരിശോധിക്കാനുള്ള ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ യുഐഡി നമ്പറും സുരക്ഷാ കോഡും നല്‍കേണ്ട പേജിലേക്ക് നേരിട്ട് എത്തും.
ഘട്ടം 3 : സ്‌ക്രീനില്‍ കാണിച്ചിരിക്കുന്നതുപോലെ, നിങ്ങളുടെ 12 അക്ക ആധാര്‍ നമ്പറോ 16 അക്ക വിര്‍ച്ച്വല്‍ ഐഡിയും സുരക്ഷാ കോഡും നല്‍കുക. നിങ്ങള്‍ ഫോം സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ആധാര്‍ ഡാറ്റാബേസിലെ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു OTP ഡെലിവര്‍ ചെയ്യും.
ഘട്ടം 4: ' send OTP' തിരഞ്ഞെടുക്കുക. ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ഒരു OTP ലഭിക്കും.
OTP നല്‍കിയതിന് ശേഷം, നിങ്ങളുടെ ആധാര്‍ മാപ്പിംഗ് പൂര്‍ത്തിയായി എന്ന് വ്യക്തമാക്കുന്ന ഒരു സ്‌ക്രീനിലെത്തും. നിങ്ങളുടെ ആധാര്‍ കാര്‍ഡ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്നുവെന്ന് ഇവിടെ വ്യക്തമാക്കിയിട്ടുണ്ടാകും.
മുകളില്‍ പറഞ്ഞിരിക്കുന്ന അവസാന ഘട്ടങ്ങള്‍ പിന്തുടര്‍ന്ന് നിങ്ങള്‍ക്ക് ആധാര്‍-ബാങ്ക് അക്കൗണ്ട് ലിങ്ക് സ്റ്റാറ്റസ് പരിശോധിച്ചുറപ്പിക്കാനും തെറ്റ് ഒഴിവാക്കാനും കഴിയും.